Tuesday, July 29, 2008

അവിയല്‍ (ശര്‍ക്കര ചേര്‍ത്തത്)

ചേരുവകള്‍

മുരിങ്ങക്കായ് - ഒന്ന്
ഇളവന്‍ - 50 ഗ്രാം
ഏത്തക്കായ - 50 ഗ്രാം
പയര്‍ - 50 ഗ്രാം
ചേന - 50 ഗ്രാം
തേങ്ങ - ഒരെണ്ണം
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ശര്‍ക്കര - 50 ഗ്രാം
തൈര് - ഒരു കപ്പ്‌
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ ഒരിഞ്ചു കഷണങ്ങള്‍ ആക്കുക.
വേവിക്കുന്നതിനു മുന്‍പ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഉപ്പും ശര്‍ക്കരയും പകുതി തൈരും ചേര്‍ക്കുക.
കഷണങ്ങള്‍ തമ്മില്‍ ഒട്ടാതിരിക്കാനാണ് തൈര് ആദ്യം ചേര്‍ക്കുന്നത്.
ചുവട് കട്ടിയുള്ള ഒരു പത്രത്തില്‍ ( മണ്‍ചട്ടി ആയാല്‍ നല്ലത് ) പച്ചക്കറിക്കൂട്ട് വേവിക്കുക.
വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തൈരുകൂടി ചേര്‍ക്കുക.
തേങ്ങയും പച്ചമുളകും ചതച്ചെടുത്ത് ഇതില്‍ ഇളക്കിചെര്‍ക്കുക.
ഇറക്കുന്നതിനു തൊട്ടുമുന്‍പ് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേര്‍ക്കുക.
ഹായ് എന്തൊരു മണം .

* പച്ചക്കറികള്‍ ലഭ്യതക്കനുസരിച്ച്‌ മാറ്റാവുന്നതാണ്.

പച്ച മാങ്ങാ ചട്ണി

ചേരുവകള്‍

പച്ച മാങ്ങാ - ചെറുത് ഒന്ന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു കപ്പ്‌
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പച്ച മാങ്ങാ തൊലികളഞ്ഞ് ചെറുതായി ചീകി എടുക്കുക .
തേങ്ങ ചിരകിയതും മറ്റു ചേരുവകളും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക

Monday, July 28, 2008

എരിശ്ശേരി

ചേരുവകള്‍

നേന്ത്രക്കായ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - ഒരെണ്ണം
ചേന ഒരിഞ്ചു കഷണങ്ങള്‍ ആക്കിയത് - 150 ഗ്രാം
മത്തങ്ങ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - 150 ഗ്രാം
തേങ്ങ ചിരകിയത് - അരമുറി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടല്ലി
മുളകുപൊടി -അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു കതിര്‍പ്പ്
വറ്റല്‍ മുളക് -3 എണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

നേന്ത്രക്കായ ,ചേന,മത്തന്‍ എന്നിവ നന്നായി കഴുകി വൃത്തിയാക്കുക.
കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക.
തേങ്ങ ചിരകിയതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റി വെച്ചതിനു ശേഷം ബാക്കി കുരുമുളക്,വെളുത്തുള്ളി,ജീരകം എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവെച്ച തേങ്ങാപ്പീര ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
ഇതിലേക്ക് കടുക്,കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ ഇട്ടു കടുക് പൊട്ടുമ്പോള്‍, തിളപ്പിചിറക്കി വച്ചിരിക്കുന്ന എരിശ്ശേരിയില്‍ ചേര്‍ക്കുക.

പൊള്ളാച്ചി മട്ടണ്‍ കുറുമ

ചേരുവകള്‍

ആട്ടിറച്ചി കഷണങ്ങള്‍ ആക്കിയത് - അര കിലോ
സവാള കൊത്തിയരിഞ്ഞത്‌ - 200 ഗ്രാം
തക്കാളി - രണ്ടു വലുത്
ഇഞ്ചി - ഒരിഞ്ച് കഷണം
വെളുത്തുള്ളി - ഒരു കുടം
മല്ലി പൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മുളകുപൊടി - അര ടേബിള്‍ സ്പൂണ്‍
തേങ്ങ അരച്ചത് - അര കപ്പ്
എണ്ണ - മൂന്നു ടേബിള്‍സ്പൂണ്‍
കറുവപ്പട്ട - ഒരു ഗ്രാം
ഏലക്ക - അഞ്ചെണ്ണം
ഗ്രാമ്പു - അഞ്ചെണ്ണം
പെരുംജീരകം - രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
പച്ചമുളക് അരിഞ്ഞത് - അഞ്ചെണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ആട്ടിറച്ചി വൃത്തിയായി കഴുകി വേവിച്ച് മാറ്റി വെക്കുക.
അടി കട്ടിയുള്ള ഒരു പരന്ന പാത്രത്തില്‍ എണ്ണ ചൂടാക്കി, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ വഴറ്റുക.
ഇതില്‍ പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേര്‍ക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞ് ചേര്‍ക്കുക.
മല്ലിപൊടി, മുളകുപൊടി, തേങ്ങ അരച്ചത് എന്നിവ നന്നായി കുഴച്ച് ചേര്‍ത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക.
വേവിച്ച ആട്ടിറച്ചി ഇതില്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറു തീയില്‍ മൂടിവെച്ചു വേവിക്കുക.
വെന്ത്‌ എണ്ണ തെളിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.
വെള്ളയപ്പം, ചപ്പാത്തി, പത്തിരി, പൂരി, ഇടിയപ്പം എന്നിവയോടൊപ്പം നല്ല കോമ്പിനേഷന്‍ ആണ് ഈ കുറുമ.

Sunday, July 27, 2008

നേന്ത്രപ്പഴ കൂട്ട്

ചേരുവകള്‍

നേന്ത്രപ്പഴം - ആറ്
ശര്‍ക്കര - അര കിലോ
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം - ഒരു ടീസ്പൂണ്‍
പച്ച മോര് - ആറ് കപ്പ്
പച്ച മുളക് - അഞ്ചെണ്ണം
പുളിയില്ലാത്ത തൈര് - ഒരു കപ്പ്
കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലികളഞ്ഞ് നല്ലവണ്ണം വേവിക്കുക.
തേങ്ങയും ജീരകവും പച്ചമുളകും ചേര്‍ത്ത് അരച്ച് വെക്കുക
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചതും വേവിച്ച നേന്ത്രപ്പഴം ഉടച്ചതും ചേര്‍ത്ത് നന്നായി
വരട്ടുക.
വര്ട്ടിയതിനുശേഷം പച്ച മോര് കുറേശ്ശെ ഒഴിച്ച് നേര്‍പ്പിക്കുക.
ചെറു തീയില്‍ തിളച്ചതിനു ശേഷം അരച്ച് വെച്ച തേങ്ങക്കൂട്ടുചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
പാകത്തിന് ഉപ്പ് ചേര്‍ക്കുക.
തിളച്ചതിനു ശേഷം പുളിക്കാത്ത കട്ടിതൈരു ചേര്‍ത്ത് കറിവേപ്പില താളിച്ച്‌ ചേര്‍ത്ത് ഇറക്കുക.

Saturday, July 26, 2008

അയല പൊടിത്തൂവല്‍

ചേരുവകള്‍

അയല - അര കിലോ
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ഉള്ളി - ഒരു വലുത്
തേങ്ങ ചിരകിയത് - കാല്‍ മുറി
കറിവേപ്പില - കുറച്ച്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

അയല നന്നായി വൃത്തിയാക്കി തലയും വാലും കളഞ്ഞു മഞ്ഞള്‍ പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് തണുക്കുമ്പോള്‍ മുള്ള് കളഞ്ഞു എടുക്കുക. അതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് കുഴച്ച് വെക്കുക. കുറച്ച് കറിവേപ്പില ചേര്‍ത്ത് കുഴക്കുക. ഒരു ഉള്ളി ചെറുതായി അരിഞ്ഞ് കുറച്ച് വെളിച്ചെണ്ണയില്‍ വറുക്കുക. ഉള്ളി ചുവന്നു വരുമ്പോള്‍ അതില്‍ മത്സ്യം ഇട്ടു ചെറു തീയില്‍ കുറേശെ ഇളക്കുക. കാല്‍ മണിക്കൂര്‍ ഇളക്കുമ്പോള്‍ മത്സ്യം നല്ല പൊടിയായി വരും. അപ്പോള്‍ വാങ്ങി വെക്കാം.


Friday, July 18, 2008

ഉള്ളി വട

ചേരുവകള്‍

സവാള കനം കുറച്ചരിഞ്ഞത് - നാല്
പച്ചമുളക് ചെറുതായി അരിഞ്ഞത്- ആറ്
കറിവേപ്പില - ഒരു തണ്ട്
കായപൊടി - അര ചെറിയ സ്പൂണ്‍
മുളക് പൊടി - അര ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഇടഞ്ഞെടുത്ത കടലമാവ് - 100 ഗ്രാം
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു വലിയ സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക .
കടലമാവ് പാകത്തിന് വെള്ളവും മുളകുപൊടിയും ഉപ്പും കായപൊടിയും ചേര്‍ത്ത് കുഴക്കുക . വഴറ്റിയ ചേരുവകള്‍ ഇതില്‍ യോജിപ്പിച്ച് വടയുടെ ആകൃതിയില്‍ പരത്തി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തു കോരുക.

Thursday, July 17, 2008

നെയ് പൊങ്കല്‍

ചേരുവകള്‍

പച്ചരി - 400 ഗ്രാം
ചെറുപയര്‍ പരിപ്പ് വറുത്തത് - 150 ഗ്രാം
അണ്ടിപരിപ്പ് - 50 ഗ്രാം
ഇഞ്ചി - ഒരു കഷണം
ഉപ്പ് - പാകത്തിന്
നെയ് - 150 ഗ്രാം
കുരുമുളക് - ഒന്നര ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തില്‍ വെള്ളം വച്ചു നല്ലത് പോലെ തിളക്കുമ്പോള്‍ അതില്‍ ഇഞ്ചി ചതച്ചിട്ട് അരിയും പരിപ്പും കഴുകി ഇടുക.
  • നല്ലതുപോലെ കുഴയത്തക്കവണ്ണം വെന്തശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
  • കുരുമുളകും ജീരകവും നെയ്യില്‍ വറുത്തത് ചെറുതായി പൊടിച്ചിടുക അണ്ടിപരിപ്പ് പിളര്‍ന്നതും ബാക്കി നെയ്യും അതില്‍ ഒഴിച്ച്ചിളക്കുക.

Sunday, July 13, 2008

ഗോതമ്പ് പായസം

ചേരുവകള്‍

സൂജി ഗോതമ്പ് റവ - 250 ഗ്രാം
ശര്‍ക്കര - 4൦൦ ഗ്രാം
തേങ്ങ - രണ്ടെണ്ണം
നെയ്യ് - രണ്ടു വലിയ സ്പൂണ്‍
കദളിപ്പഴം - രണ്ടെണ്ണം
ഉണക്ക മുന്തിരിങ്ങ - ഒരു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - രണ്ടു വലിയ സ്പൂണ്‍
ഏലക്ക പൊടിച്ചത് - മുക്കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • ശര്‍ക്കര പാനിയാക്കുക .
  • തേങ്ങ തിരുമ്മി ചതച്ച് രണ്ടു കപ്പു ഒന്നാം പാലും നാള് കപ്പു രണ്ടാം പാലും എടുക്കുക.
  • 6 കപ്പു വെള്ളം തിളക്കുമ്പോള്‍ റവ കഴുകി അരിച്ചു വേവിക്കുക.
  • വെള്ളം വറ്റുമ്പോള്‍ അതില്‍ ശര്‍ക്കര പാനി ചേര്‍ത്ത് വരട്ടുക
  • ഇടയ്ക്ക് നെയ് ചേര്‍ത്ത് ഇളക്കുക
  • രണ്ടാം പാല്‍ ചേര്‍ത്ത് തുടരെ ഇളക്കി പകുതി വറ്റുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക .
  • കദളിപ്പഴം മുറിച്ചു ചേര്‍ത്ത് നെയ്യില്‍ വറുത്ത മുണ്ടിരിങ്ങ , അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ത്ത് ഇറക്കുക .

നെല്ലിക്ക അച്ചാര്‍

ചേരുവകള്‍

നെല്ലിക്ക - അര കിലോ
( ആവിയില്‍ വേവിച്ച് കുരു മാറ്റിയത് )
ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
മുളക് പൊടി നാല് വലിയ സ്പൂണ്‍
വെളുത്തുള്ളി - നാല് വലിയ സ്പൂണ്‍
ജീരകം രണ്ടു ചെറിയ സ്പൂണ്‍
കടുക് - രണ്ടു ചെറിയ സ്പൂണ്‍
വിനാഗിരി - ഒരു കപ്പ്‌
ഉപ്പ് - പാകത്തിന്
പഞ്ചസാര - പാകത്തിന്
നല്ലെണ്ണ - ഒരു കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് - ആറെണ്ണം
ഉലുവ - ഒരു ചെറിയ സ്പൂണ്‍
കുരുമുളക് മുഴുവനോടെ - രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • രണ്ടു മുതല്‍ 6 വരെയുള്ള ചേരുവകള്‍ അല്പം വിനാഗിരി ചേര്‍ത്ത് നന്നായി അരക്കുക അരപ്പ് ബാക്കി വിനാഗിരിയില്‍ കലക്കുക .
  • ഉപ്പും പഞ്ചസാരയും ചേര്‍ക്കുക . ഇതില്‍ പച്ചമുളക്, കുരുമുളക്, ഉലുവ എന്നിവ ചേര്‍ക്കുക .
  • ജലാംശം ഇല്ലാത്ത വൃത്തിയുള്ള കുപ്പിയില്‍ സൂക്ഷിക്കുക.

Thursday, July 10, 2008

ഏത്തപഴം പുഡ്ഡിംഗ്

ചേരുവകള്‍

ഏത്തപഴം നന്നായി പഴുത്തത് - അര കപ്പ്
പഞ്ചസാര - രണ്ടു ടീസ്പൂണ്‍
വെണ്ണ ഒരു ടീസ്പൂണ്‍
മൈദ ഒരു ടീസ്പൂണ്‍
മുട്ട അടിച്ചത് - രണ്ടു ടീസ്പൂണ്‍
ഐസിംഗ് ഷുഗര്‍ - അര ടീസ്പൂണ്‍
ക്രീം - മൂന്നു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഏത്തപഴം ഉടച്ച് പഞ്ചസാര , വെണ്ണ, ജാതിക്കപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
ഈ മിശ്രിതത്തില്‍ മുട്ട പതപ്പിച്ചത് ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.
പുഡ്ഡിംഗ് തയാറാക്കുന്ന പാത്രത്തില്‍ മൈദ വിതറി മിശ്രിതം ഒഴിച്ച് ഒരു മണിക്കൂര്‍ ബേക് ചെയ്തു വാങ്ങി വെക്കുക.
ക്രീം , ഐസിംഗ് ഷുഗര്‍ എന്നിവ ചേര്‍ക്കുക.

Friday, July 4, 2008

ഫിഷ് ബിരിയാണി

ചേരുവകള്‍

നെയ്മീന്‍ -അര കിലോ
എണ്ണ - വറുക്കാന്‍ വേണ്ടത്
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപൊടി - ഒരു ടീസ്പൂണ്‍
സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്‌ - നാല്
പച്ചമുളക് ചതച്ചത് - പത്ത്
ഇഞ്ചി ചതച്ചത് - നാല് കഷണം
വെളുത്തുള്ളി - രണ്ടു കുടം
മല്ലിയില - അമ്പതു ഗ്രാം
തേങ്ങ തിരുമി അരച്ചത് - അര മുറി
തൈര് - അര കപ്പ്
കൈമ അരി - ( ജീരക ശാല ) - അര കിലോ
ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
  • ഓവന്‍ 325 ഡിഗ്രി ഫാരെന്‍ ഹീറ്റില്‍ ചൂടാക്കി വെക്കുക.
  • ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് മീന്‍ അധികം മൊരിയാതെ വറുത്തെടുക്കുക.
  • മീന്‍ വറുത്ത എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ വഴറ്റുക.
  • ഇതില്‍ തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് ഒന്നു കൂടി വഴറ്റുക.
  • ഇതില്‍ വറുത്ത മീന്‍ നിരത്തി കുറച്ചു ചാറോടുകൂടി വേവിക്കുക.
  • അരി ചൂടായ നെയ്യില്‍ വറുക്കുക.
  • ഇരട്ടി വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പകുതി വേവില്‍ വാര്‍ത്തെടുത്തു വെക്കുക.
  • ഒരു പാത്രത്തില്‍ ചോറ് നിരത്തി കുറച്ചു ഗരം മസാല പൊടി മീതെ വിതറുക.
  • അടുക്കടുക്കായി ഒന്നിടവിട്ട് മീനും ചോറും നിരത്തി നേരത്തെ ചൂടാക്കി ഇട്ടിരിക്കുന്ന ഓവനില്‍ അര മണിക്കൂര്‍ ബെയ്ക്ക്‌ ചെയ്തെടുക്കുക.



Tuesday, July 1, 2008

പോത്തിറച്ചി ഉലര്‍ത്ത്‌

ചേരുവകള്‍

പോത്തിറച്ചി - ഒരു കിലോ
ചുവന്നുള്ളി - കാല്‍ കിലോ
തേങ്ങ - ഒന്ന്
ഇഞ്ചി - ഒന്ന്
വെളുത്തുള്ളി - പന്ത്രണ്ടു അല്ലി
മുളകുപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - രണ്ടു ടീസ്പൂണ്‍
ഗരം മസാല പൊടി - ഒരു
ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി വാലാന്‍ വയ്ക്കുക. തെങ്ങക്കൊത്ത് എണ്ണയില്‍ വറുത്തു മാറ്റി വയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞ് എണ്ണയില്‍ നന്നായി വഴറ്റി എടുക്കുക. ഇതില്‍ മഞ്ഞള്‍പൊടി , മുളകുപൊടി, കുരുമുളകുപൊടി, മസാലപൊടി എന്നിവ ഇട്ടു മൂപ്പിക്കുക. തേങ്ങാക്കൊത്തുംഇറച്ചിക്കഷണങ്ങളും ഇതില്‍ ചേര്‍ത്ത് നന്നായി വേവിക്കുക.
എണ്ണയില്‍ കടുകും കറിവേപ്പിലയും ഉലര്‍ത്തുക. വെന്ത ഇറച്ചി ഇതിലിട്ട് നല്ലതുപോലെ ഉലര്‍ത്തിയെടുക്കുക.

ചെമ്മീന്‍ വറുത്തത്

ചേരുവകള്‍

ചെമ്മീന്‍ - അരക്കിലോ
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
ഇഞ്ചി - ഒരു കഷണം
കറിവേപ്പില - രണ്ടു തണ്ട്
പച്ച മുളക് - രണ്ട്
ചെറിയ ഉള്ളി - രണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം.

ചെമ്മീന്‍ നന്നായി കഴുകി വൃത്തിയാക്കി പൊളിചെടുക്കുക.
മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും അല്പം വെള്ളം ചേര്‍ത്ത്കുഴച്ച് വൃത്തിയാക്കിയ ചെമ്മീനില്‍ പുരട്ടി അല്‍പനേരം വെക്കുക. അരപ്പ് പിടിച്ചതിനുശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെമ്മീന്‍ അതിലിട്ട് വറുത്തു കോരുക. അതിനുശേഷം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ഉള്ളിയും ചേര്‍ത്ത് വഴറ്റുക.



കടുമാങ്ങ

ചേരുവകള്‍

കണ്ണിമാങ്ങ - ആറു കിലോ
ഉപ്പ് - ഒരു കിലോ
മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി - അര കിലോ
കടുക് പൊടി - കാല്‍ കിലോ

തയാറാക്കുന്ന വിധം

കണ്ണിമാങ്ങകള്‍ നന്നായി കഴുകി തോര്‍ത്തി എടുക്കുക. വെള്ളം പൂര്‍ണമായി തോര്‍ന്നതിനു ശേഷം ജലാംശം ഇല്ലാത്ത ഒരു ഭരണിയില്‍ ഇടുക. മുകളില്‍ ഉപ്പിടുക . പത്തു ദിവസം വയുകടക്കാത്ത തരത്തില്‍ കെട്ടിവക്കുക. പത്തു ദിവസം കഴിഞ്ഞു തുറന്നു മുളക് പൊടി, മഞ്ഞള്‍ പൊടി, കടുക് പൊടി മുതലായവ ചേര്‍ക്കുക. നന്നായി ഇളക്കിച്ചെര്‍ത്തു വീണ്ടും ഒരുമാസം കെട്ടിവക്കുക. വായു കടക്കാതെ കെട്ടി വച്ചാല്‍ മാസങ്ങളോളം കടുമാങ്ങ കേടാകാതെ ഇരിക്കും

ചെറുനാരങ്ങ അച്ചാര്‍

ചേരുവകള്‍

ചെറുനാരങ്ങ 25 എണ്ണം
മുളകുപൊടി മുക്കാല്‍ കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍
കായം പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ ഒരു ടീ സ്പൂണ്‍
പഞ്ചസാര 50 ഗ്രാം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ചെറുനാരങ്ങ ഓരോന്നും ആറുകഷണം ആയി മുറിക്കുക . നന്നായി ഉപ്പ് പുരട്ടി വെയിലത്തു വെച്ചു നന്നായി ഉണക്കുക . ഇതു ഒരാഴ്ച ആവര്‍ത്തിക്കുക. നാരങ്ങ ഒരുവിധം ഉണങ്ങിയ ശേഷം ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി വായു കടക്കാത്ത കുപ്പിയില്‍ സൂക്ഷിക്കുക.

അവിയല്‍

കേരളീയ പാചക കുറിപ്പുകളില്‍ പ്രഥമ ഗണനീയന്‍ അവിയല്‍ തന്നെ. കേരളത്തില്‍ പലയിടത്തും വിവിധ തരത്തില്‍ അവിയല്‍ പാകപ്പെടുത്ത്താറുണ്ട് . അതില്‍ ഒരു പാചകവിധി താഴെ കുറിക്കുന്നു.

പച്ചക്കറികള്‍

മുരിങ്ങക്ക
- 2 എണ്ണം ( ചെറുതായി മുറിച്ചത് )
നേന്ത്രക്കായ് - 1 എണ്ണം
ചേന - 50 ഗ്രാം
ചേമ്പ് - 50 ഗ്രാം
പടവലം - 50 ഗ്രാം
വെള്ളരി - 50 ഗ്രാം .
വഴുതന -50 ഗ്രാം
അമരക്ക - 50 ഗ്രാം
മത്തന്‍ - 50 ഗ്രാം

അരപ്പിന്

പച്ചമുളക് 2
തേങ്ങ തിരുമിയത് അര മുറി
ചുമന്നുള്ളി 3
വെളുത്തുള്ളി 3 അല്ലി
മഞ്ഞള്‍ അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്

പാകം ചെയ്യേണ്ട വിധം

പച്ചക്കറികള്‍ വൃത്തിയായി കഴുകി രണ്ടിഞ്ച് നീളത്തില്‍ മുറിക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ അല്പം വെള്ളം ചേര്‍ത്ത്‌ വേവിക്കുക . തിളക്കുമ്പോള്‍ പാകത്തിന് ഉപ്പും അരപ്പിന് ഉള്ള ചേരുവകള്‍ തരുതരുപ്പായി അരച്ചതും ചേര്‍ക്കുക. വെന്തതിനു ശേഷം അല്പം പച്ച വെളിച്ചെണ്ണ ചേര്‍ത്ത്‌ ഇറക്കുക.

ആമുഖം

മലയാളികള്‍ക്കായി മാതൃഭാഷയിലുള്ള പാചകസംബന്ധിയായ ഒരു ബ്ലോഗ് തുടങ്ങണം എന്ന ആഗ്രഹത്താലാണ് ഈ സംരംഭം. നിങ്ങള്‍ക്കേവര്‍ക്കും സുസ്വാഗതം .